Monday 1 February 2016

ഭൂമിത്രസേനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്


പുല്ലുപോലും മുളക്കാതിരുന്ന പരന്നപറമ്പെന്ന മൊട്ടക്കുന്നിനെ ഹരിതാഭമാക്കുകയാണ് രാമചന്ദ്രൻ സാറും, അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഭൂമിത്രസേനയിലെ കുട്ടികളും. കേരള പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഭൂമിത്രസേനക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നത്.

മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും, വെള്ളവും, വളവും നൽകി അവയെ സംരക്ഷിക്കുകയും  മാത്രമല്ല രാമചന്ദ്രൻ സാറും അദ്ദേഹത്തിന്റെ കുട്ടികളും ചെയ്യുന്നത്. ഗതകാല തലമുറയിൽ നിന്നും നാം കടം വാങ്ങിയ ഈ ഭൂമിയെ ആഘാതമേൽപ്പിക്കാതെ അടുത്ത തലമുറക്ക് തിരിച്ചു നൽകേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്വമാണെന്ന സന്ദേശം ഈ പ്രവർത്തനങ്ങളിലൂടെ  ഭൂമിയുടെ ഈ കൂട്ടുകാർ സമൂഹത്തോട് പറയാതെ പറയുന്നുണ്ട്.



2015 ലെ ആഗസ്ത് 17 തിങ്കളാഴ്ച  ഭൂമിത്ര സേനാംഗങ്ങൾക്ക് പ്രചോദനമേകിക്കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ.ശോഭീന്ദ്രൻ ക്യാമ്പസിലെത്തി. അദ്ദേഹം നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നിരവധി പുതിയ ഉൾക്കാഴ്ചകളും, ഊർജവുമാണ് ഭൂമിത്രസേനാംഗങ്ങൾക്ക് നൽകിയത്.  പരിസ്ഥിതി പ്രവർത്തന മേഖലയിലെ തന്റെ അനുഭവ മണ്ഡലത്തിൽ നിന്നും നിരവധി കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അവരുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പ്രോത്സാഹിപ്പിച്ചു.....

ഭൂമിയുടെ കൂട്ടുകാരുടെ സേനക്ക് സാർത്ഥകമായ ഒരു ദിനമാണ് പ്രൊഫ.ശോഭീന്ദ്രൻ സമ്മാനിച്ചത്....

No comments:

Post a Comment