Thursday, 24 December 2015

NSS ക്യാമ്പ്- മൂന്നാം പക്കം


കട്ടിപ്പാറയിലെ അമരാട് മല പ്രശസ്തമാണ്. കോഴിക്കോട് ജില്ലയിൽ രാജവെമ്പാലകളുടെ തലസ്ഥാനമായാണ് അമരാട് മല അറിയപ്പെടുന്നത്. കൂടാതെ മരച്ചില്ലപോലെ കുത്തനെ നിന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ചതിയന്മാരായ ഒരുതരം അണലിപ്പാമ്പുകളുമുണ്ടത്രെ ഇവിടെയുള്ള കാട്ടിൽ. കട്ടിപ്പാറ അങ്ങാടിയിൽ നിന്നുതന്നെ ചെറിയ കയറ്റത്തോടെ ആരംഭിക്കുന്ന അമരാട് മലയിലേക്കുള്ള റോഡ് മുന്നോട്ടു പോവുന്തോറും ചെങ്കുത്തായതും അപകടകരവുമായ കയറ്റങ്ങളാണ്. പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന അരുവിയിലെ വെള്ളച്ചാട്ടങ്ങൾ മനോഹരമായ ദൃശ്യവിരുന്നാണ്. റോഡ് അവസാനിക്കുന്നിടത്തുനിന്നും കാട്ടിലൂടെ വീണ്ടും കയറിയാൽ മലയുടെ ഉച്ചിയിലെ പുൽമേടാണ്.സഹ്യപർവ്വതനിരയിലെ ഈ പുൽമേട്ടിൽ എല്ലാതരം വന്യമൃഗങ്ങളുമുണ്ട്. പുൽമേടും കാനനപാതകളും താണ്ടി ഇതിലെ വയനാട്ടിലേക്ക് പോവാമെന്ന് നാട്ടുകാർ പറയുന്നു......

അമരാട് മലയിലേക്കുള്ള  പാതയോരം  വൃത്തിയാക്കലായിരുന്നു മൂന്നാം ദിവസത്തെ പ്രധാന പരിപാടി. സംഘാംഗങ്ങൾക്ക് ഓറഞ്ചുമായി നാട്ടുകാർ വന്നുകൊണ്ടിരുന്നു. ഓറഞ്ചും, തമാശകളുമായി അദ്ധ്വാനത്തെ ശരിക്കും ആസ്വദിക്കുന്ന NSS വളണ്ടിയർമാരെയാണ് അവിടെ കാണാനായത്.
ഉച്ചയോടെ മലമ്പാതയിൽ നിന്ന് മടങ്ങുമ്പോൾ കായികാദ്ധ്വാനത്തിന്റെ ക്ഷീണവും, എന്നാൽ എന്തൊക്കയോ ചെയ്യാനായതിന്റെ സംതൃപ്തിയും ഓരോ വളണ്ടിയർമാരുടേയും മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

ഇതേ സമയത്ത് അദ്ധ്വാനം കഴിഞ്ഞ് തിരിച്ചെത്തുന്നവർക്ക് ഭക്ഷണം ഒരുക്കാനുള്ള തിരക്കിലായിരുന്നു ഹോളി ഫാമിലി സ്കൂളിലെ അടുക്കളയിൽ ഷബ്ന ടീച്ചർ. ആ ദിവസത്തെ ഭക്ഷണത്തിന്റെ ഉത്തരവാദിത്വമുള്ള ഏതാനും കുട്ടികളും, ഹോളി ഫാമിലി സ്കൂളിലെ മാളുവമ്മയും ടീച്ചർക്ക് കൂട്ടുണ്ട്. മലയിൽ നിന്ന് തിരിച്ചെത്തിയ ഷിൻജു ടീച്ചറും കൂട്ടു ചേർന്നതോടെ മൂന്നാം പക്കത്തിലെ അടുക്കളക്കാര്യം കുശാലായി

വിയർപ്പും ക്ഷീണവുമായെത്തിയ കുട്ടികൾ സ്കൂളിന് മുന്നിലൂടെ ഒഴുകുന്ന അരുവിയിൽ ഏറെനേരം മുങ്ങിത്തുടിച്ച് ക്ഷീണം മാറ്റി എത്തുമ്പോഴേക്കും ഭക്ഷണം റെഡി. മുഖ്യ പാചകക്കാർ ആദ്യം തന്നെ ഇരുന്ന് രുചി നോക്കണമെന്ന നിയമം പാലിച്ചുകൊണ്ട് ഷബ്ന ടീച്ചർ ആദ്യപന്തിയിൽത്തന്നെ ഇരുന്നു.ഭക്ഷണം കഴിഞ്ഞ് ഒരൽപ്പം വിശ്രമം പ്രകൃതി നിയമമാണ്. എന്നാൽ ഒട്ടും വിശ്രമിക്കാൻ നിൽക്കാതെ ഭക്ഷണം കഴിഞ്ഞ ഉടൻ അടുക്കളയിലേക്ക് ഓടി രാത്രിയിലെ നെയ്ച്ചോറിനുള്ള ഒരുക്കങ്ങൾ തകൃതിയാക്കിക്കഴിഞ്ഞു ഷബ്ന ടീച്ചറും ഷിൻജു ടീച്ചറും.രാത്രിയിൽ ക്യാമ്പിൽ തങ്ങാനുള്ള തയ്യാറെടുപ്പോടെ വിബിഷ ടീച്ചറും എത്തിയതോടെ അടുക്കളയിൽ പൊടിപൂരം.......


ഇതേ സമയത്ത് ഹാളിൽ പത്ര പ്രവർത്തകനായ സുനിൽ തിരുവമ്പാടി മാധ്യമങ്ങളും, സമൂഹവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
വൈകുന്നേരമായപ്പോഴേക്കും ചില രക്ഷിതാക്കളും, സാമൂഹ്യ പ്രവർത്തകരും, നാട്ടുകാരുമൊക്കെ ക്യാമ്പ് സന്ദർശിക്കാനെത്തിയത് കുട്ടികൾക്ക് ആവേശമായി. സ്വീകരണക്കമ്മറ്റിയും, ഭക്ഷണക്കമ്മറ്റിയും വരുന്ന ഓരോരുത്തരേയും സ്വീകരിക്കുന്നത് കാണാമായിരുന്നു.

സന്ധ്യ മയങ്ങിയതോടെ  രാമചന്ദ്രൻ സാറും, ഹൈസ്കൂളിലെ മുഹമ്മദ് സാറും എത്തി. ചാറ്റ് വിത്ത് പി.രാമചന്ദ്രൻ എന്ന പരിപാടിയിലൂടെ സാർ വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു.

തുടർന്ന് ക്യാമ്പ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ കൂടി ആയപ്പോൾ സംഭവ ബഹുലമായ മൂന്നാം പക്കം പരിപൂർണ വിജയത്തിലേക്ക് എത്തുകയായിരുന്നു.

ഇത് മൂന്നാംപക്കം ക്യാമ്പിലെത്തിയ ഒരാളുടെ കാഴ്ചകൾ. തുടർന്നുള്ള ദിവസങ്ങളിലും അതിനു മുമ്പുള്ള ദിവസങ്ങളിലും ക്യാമ്പ് ഇതിനേക്കാൾ മനോഹരമായിരുന്നു. ആ അനുഭവങ്ങൾ മറ്റുള്ളവർ പങ്ക് വെക്കുമെന്നു പ്രതീക്ഷിക്കുന്നു.


No comments:

Post a Comment